കാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് ഒരു പഠനയാത്ര..
2015 സപ്തംബർ 17 വ്യാഴം.നാഗരികതയുടെ മാലിന്യങ്ങൾ പേറുന്ന നമുക്ക് കാടിന്റെ കുളിർമ്മ എത്ര ആശ്വാസദായകമാണ്! എൻ.എസ്.എസിന്റെ ഒരു യാത്ര ഇത് തൊട്ടറിയാനായിരുന്നു. കേരള വനംവകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിലെ കക്കാട് വനപ്രദേശത്ത് ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പ്രകൃതി പഠനകേമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്ലാസ്സുകളും ഡോക്യുമെന്ററി പ്രദർശനവും ട്രക്കിങ്ങുമൊക്കെയായി കാടിനെ അടുത്തറിയാനും അതുവഴി പ്രകൃതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.റിട്ട.ഫോറസ്റ്റ് ഓഫീസർ ശ്രീ. നാരായണന്റെ ക്ലാസ്സോടുകൂടിയായിരുന്നു ആരംഭം. അതിനുശേഷം വനാന്തർഭാഗത്തുവെച്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രഭാകരൻ കുട്ടികളുമായി ദീർഘനേരം സംവദിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വനത്തിനുള്ളിലൂടെയുള്ള യാത്രയായിരുന്നു. ഏകദേശം മൂന്നരമണിക്കൂറിലേറെ കാട്ടിനുള്ളിൽ ചെലവഴിച്ചു. മരങ്ങളും വള്ളികളും കാട്ടുചോലയും പാറക്കൂട്ടങ്ങളും തീർത്ത ആവാസഭൂമിയിലൂടെ പ്രകൃതിയെ നമിച്ചുകൊണ്ടുള്ള ധ്യാനയാത്ര!! നിരവധി അറിവുകളും അനുഭവങ്ങളുമായാണ് കുട്ടികളും അധ്യാപകരും മടങ്ങിയത്. ഏതാനും ചിത്രങ്ങൾ കാണൂ...


































